എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

എന്നിലൂടെ….

കണ്ണൂര് ജില്ലയിലെ പുറത്തീലില്‍ ജനനം.

പുറത്തീല്‍ യുപി സ്കൂളില്‍ വിദ്യാ‍ഭ്യാസം. എല്ലാ ക്ലാസ്സുകളിലും ഒന്നും രണ്ടും റാങ്ക് വാങ്ങി എഴ് ക്ലാസ്സും പൂര്ത്തിയാക്കി. തുടക്കം ക്ലാസ്സ് ലീഡര്‍ ആയിട്ടായിരുന്നു. ആ പദവിയിലായിരുന്നു ഏഴ് കൊല്ലവും. ഒടുവില്‍ സ്കൂള് ലീഡറായി റിട്ടയര്‍ ചെയ്തു. സ്കൂള്‍ പാര്‍ലമെന്റില്‍ പ്രധാന മന്ത്രി പദവി വഹിച്ചിട്ടുണ്ട്.

കായിക കലകളി ല്‍ ചെറുപ്പത്തിലേ താല്പര്യമുണ്ടായിരുന്നില്ല. ഒഴിവു സമയം ബാലരമയും ബാലമംഗളവും വായിക്കും.(വീട്ടില്‍ വാങ്ങിച്ചതല്ല). വീടിനു മുന്നിലെ അതി വിശാലമായ വയലില്‍ കുട്ടികളോടൊപ്പം കളിക്കാതെ മുതിര്‍ന്നവരുടെ കളി കാണും. അവര്‍ക്ക് ബൗണ്ടറിക്ക് പുറത്ത് വരുന്ന പന്ത് എടുത്തു കൊടുക്കു. പിന്നെ ഉമ്മായെ വീട്ടു ജോലിക്കു സഹായിക്കും

ചില സാങ്കേതിക കാരണങ്ങളാല്‍ ഉപരിപഠനവും ഉന്നത വിദ്യാഭ്യാസവും നേടാനായില്ല.

കമലട്ടീച്ചര്‍ പഠിപ്പിച്ചു തന്ന മലയാളം. അതു മാത്രമാണ് കൈ മുതല്‍.

എഴുത്തിന്റെ പാരമ്പര്യമില്ല. ധാരാളം വയനയില്ല. സാഹിത്യ കാരന്മാരുമായി സമ്പര്‍ക്കമില്ല. പത്രാധിപന്മാരുമായി സഹവാസമില്ല. സാഹിത്യ സംഘടനകളുമായി ബന്ധമില്ല. എന്നിട്ടും രണ്ടു ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ആനുകാലികങ്ങളില്‍ കുറച്ചൊക്കെ എഴുതാന്‍ കഴിഞ്ഞു. രണ്ടു പുരസ്കാരങ്ങളുടെ ജേതാവ്.

പഴയ തലമുറകളിലെ എഴുത്തുകാരെയെല്ലാം ഇഷ്ടം. ആനന്ദിന്റെ പുസ്തകം വായ്ച്ചാല്‍ എനിക്കു മനസ്സിലാകില്ല. 'മരുഭൂമികള്‍ ഉണ്ടാകുന്നത്' വായിച്ചു തീര്‍ത്തത്, മരുഭൂമിയില്‍ 'ആടുജീവിതം' നയിക്കുന്നതിനേക്കള്‍ പ്രയാസപ്പെട്ടായിരുന്നു. 'യുവകഥാകൃത്തുക്കളുടെ' കഥകള്‍ വായിച്ചാല്‍ മനസ്സിലാകുനുള്ള കഴിവ് എനിക്കുണ്ടാവണേ എന്നതാണ് എന്റെ പ്രാര്‍ത്ഥന. അല്ലെങ്കില്‍ നല്ല മലയാളത്തില്‍ എഴുതാനുള്ള കഴവ് അവര്‍ക്കുണ്ടാകട്ടെ എന്ന്.

എഴുത്തിന്‍ ഗുരുവില്ലെന്ന് പഠിപ്പിച്ച ശിഹാബുദ്ദീന്‍ പൊയ്തും കടവാണ് പള്ളിക്കൂടത്തിനു പുറത്തുള്ള എന്റെ ഗുരു.

ഒരു പതിറ്റാണ്ടിലേറെയായി പ്രവാസിയായിട്ട്. അതിനാല്‍ ഇംഗ്ലീഷ്, അറബി, ഉര്‍ദു, ഹിന്ദി എന്നീ ഭാഷകള്‍ കൂടി അറിയാം.

ഇപ്പോള്‍ ദുബൈയില്‍. എങ്കിലും പുറത്തീല്‍കാരന്‍ എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.


വിലാസം
npamin@yahoo.com
Related Posts with Thumbnails