എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

07 ഏപ്രിൽ 2010

സാമ്പത്തിക പ്രതിസന്ധി:ഗള്ഫ്കാരന്റെ നട്ടെല്ലൊടിയുമ്പോള്


അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ വൈറ്റ് ഹuസിന് ബാധിച്ച അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണ്ണൂര്‍ ജില്ലയിലെ പുറത്തീല്‍ ഗ്രാമത്തിലെ ഗ്രീന്‍ വാലിയെയും ബാധിച്ചിരികുകയാണ്. ലോകത്തെയാകമാനം ബാധിച്ച സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ സാധാരണ കുടുംബത്തെയൊക്കെ ബാധിച്ചിട്ടുണ്ട്.

2001 സെപ്തംബര്‍ 11ആക്രമണത്തിന്‌ ശേഷം വൈറ്റ് ഹuസ് സ്വീകരിച്ച ക്രൂരമായ വിദേശ നയവും വികലമായ സാമ്പത്തിക വ്യയവും അമേരിക്കയെ പാപ്പരാക്കുകയായിരുന്നു. കോടിക്കണക്കിന്‍ ഡോളറിന്‍റെ ആസ്തിയുള്ള നൂറ്റാണ്ടിന്‍റെ പാരമ്പര്യമുളള ബാങ്കുകള്‍ ഉള്‍ പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ അമേരിക്കയില്‍ അടച്ചു പൂട്ടി. ലക്ഷക്കണക്കിന്‌ സ്വദേശികളും വിദേശികളും തൊഴില്‍ രഹിതരായി. നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായി. ഭീകരവാദാ നിര്‍മാര്‍ജ്ജനത്തിന്‍റെയും തീവ്ര വാദ വേട്ടയുടെയും പേരില്‍ ട്രില്യണ്‍ കണക്കിന്‌ ഡോളറുകള്‍ പാഴാക്കി. നിരുത്തരവാദത്തപരമായ ധന ദുര്‍വിനിയോഗവും ആഡംബര ചിത്തരായ അമേരിക്കന്‍ ജനതയുടെ അമിത വ്യയവും അവരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഒരു ലക്ഷം മില്യണ്‍ ഡോളറിന്‍റെ കടത്തിലാണിപ്പോള്‍ അമേരിക്ക. ഡോളറിന്‍റെ മൂല്യം മുമ്പെങ്ങുമില്ലാത്ത വിധം ഇടിഞ്ഞു. ലോക വ്യാപകമായി വിലക്കയറ്റം രൂക്ഷമായി. ഡോളറിനെ ആശ്രയിച്ചു കഴിയുന്ന അറേബ്യന്‍ ഗള്‍ഫിലെ കറന്‍സിക്ക് മൂല്യ ശോഷണം വന്നു. ഗള്‍ഫില്‍ നിന്നു ഇന്ത്യയിലേക്കുള്ള വിശിഷ്യാ കേരളത്തിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി കുറഞ്ഞു. അവശ്യ സാധനങ്ങളുടെ ദuര്‍ലഭ്യതയും വിലക്കയറ്റവും കേരളത്തിലെ സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കി. ഒറ്റക്കുള്ള ആത്മഹത്യകള്‍ ഇപ്പോള്‍ കുടുംബസമേതമായി. കര്‍ഷക ആത്മഹത്യകളുടെ കണ്ണീര്‍ കഥകള്‍ക്കപ്പുറം കേള്‍ക്കുന്നത് ഉപരിവര്‍ഗ്ഗത്തിന്‍റെ പെരുകിയ ആത്മഹത്യകളാണ്.

ഒരര്‍ത്ഥത്തില്‍ ഈ സാമ്പത്തിക മാന്ദ്യവും അതു മൂലമുണ്ടായ പ്രതിസന്ധിയും നമ്മെ പുനര്‍വിചിന്തനത്തിന് പ്രേരകമാക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ നാം നമ്മുടെ മനോഭാവവും ജീവിത രീതിയും അല്പം മാറ്റണം. 80 കളില്‍ ആരംഭിച്ച ഗള്‍ഫ് പണമൊഴുക്കും അതിനു മുമ്പുണ്ടായിരുന്ന മലേഷ്യ, സിംഗപ്പുരില്‍ നിന്നുള്ള പണമൊഴുക്കും കേരളീയരുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവരുടെ പട്ടിണി മാറ്റുകയും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ അവരെ അഹങ്കാരത്തിന്‍റെ ഉത്തുംഗതയിലേക്ക് നയിച്ചിട്ടുണ്ടെന്നുള്ളത് പറയാതെ വയ്യ.

അനന്തരം അത്യാവശ്യത്തിനും ആവശ്യത്തിനും പുറമെ നമ്മുടെ മടിശ്ശീലകള്‍ അനാവശ്യത്തിനും ആഡംബരത്തിനും വേണ്ടി തുറന്നു വെച്ചു. കൊട്ടാര സമാനമയ പാര്‍പ്പിടങ്ങളും മാനം തൊട്ടു നില്‍കുന്ന കെട്ടിടത്തിന്‍റെ ഉച്ചിയില്‍ ലക്ഷറി ഫ്ളാറ്റുകളും ശിതീകരിച്ച ആഡംബര കാറുകളും നമ്മുടെ ഇഷ്ടങ്ങളായി. കൈക്കോട്ടു പണിക്കാരും ബീഡി തെറുപ്പുകാരും മീന്‍ കച്ചവടക്കാരും എളുപ്പത്തില്‍ പണക്കാരകാമെന്ന വ്യാമോഹത്തോടെ വസ്തു വക ദല്ലാളുമാരയതോടെ, സാധരണക്കാര്‍ക്ക് വീടു വെക്കാന്‍ 3 സെന്‍റ്‌ സ്ഥലം വങ്ങാന്‍ പറ്റാത്ത വിധം സ്ഥല വില കുതിച്ചുയര്‍ന്നു. നാട്ടുപുറത്തെ മണ്ണുകള്‍ ഒടുവില്‍ ഭൂമാഫിയകളുടെ കയ്യിലായി....

എന്‍ ആര്‍ ഐ അക്കൌണ്ടുകളിലേക്ക് ഒഴുകിയെത്തുന്ന പണമൊഴുക്ക് വറ്റിത്തുടങ്ങിയിരിക്കുകയാണ്. പൂര്‍ണ്ണമായും വറ്റി വരളുന്നതിനു മുന്‍പ് നാം ധനവിനിയോഗത്തെ കുറിച്ച് ബോധവാന്‍ മാരാവുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ദശലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് മലയാളികള്‍ സാമ്പത്തിക പ്രതിസന്ധി മൂലമോ മറ്റു കാരണങ്ങളാലോ കേരളത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍, പട്ടിണിക്കപ്പുറം ബദല്‍ സംവിധാനങ്ങളൊന്നുമില്ല. പുനരധിവാസത്തിന് പദ്ധതികളൊന്നുമില്ല.

നിയന്ത്രണ രേഖ

നാട്ടില്‍ 6 മണിക്കൂര്‍ നേരാം വണ്ണം പണിയെടുക്കാതെ, ഗള്‍ഫില്‍ ചെന്ന് 16ഉം 18ഉം മണിക്കൂര്‍ എല്ലു മുറിയെ രക്തം പൊടിയും വിധം കഷ്ടപ്പെട്ടു പണിയെടുക്കുന്ന പ്രവാസികള്‍, കവലകള്‍ തോറും സ്ഥാപിച്ചിട്ടുള്ള എടിഎമ്മിന്‍റെ കാര്‍ഡുകള്‍ കുടുംബിനിയെയും ധനത്തെ കുറിച്ച് ഒട്ടും അവബോധമില്ലാത്ത മക്കളെയും ഏല്പിച്ച്, എന്‍ ആര്‍ ഐ അക്ക ണ്ട് വഴിയും ഹവാല വഴിയും പണം നാട്ടിലേക്ക് ചവിട്ടി അയച്ചു കൊണ്ടിരുന്നാല്‍ ഇരുപതും മുപ്പതും വര്‍ഷമല്ല ജീവിതകാലം മുഴുവന്‍ പണിയെടുത്താലും കഷ്ടപ്പാടു തീരുകയില്ല എന്നു മനസ്സിലാക്കാന്‍ ഇനിയും വൈകരുത്. തൊഴില്‍ പെര്‍മിറ്റിന്‍റെ കാലാവധി 60 വയസ്സു കഴിഞ്ഞിട്ടും ചിലര്‍ വീണ്ടും വീണ്ടും ഉയര്‍ന്ന ഫീ നല്‍കി വിസ പുതുക്കി കൊണ്ടീരിക്കുന്നത് മുപ്പത് കൊല്ലം പണിയെടുത്തുണ്ടാക്കിയ കാശ് നശിപ്പിച്ചത് കൊണ്ടാണ്. മാത്രമല്ല ആയുഷ്കാലം മുഴുവന്‍ പണിയെടുത്താലും വറുതികളും കടങ്ങളും തീരുന്നുമില്ല. കുടുംബിനികള്‍ക്കും മക്കള്‍ക്കും മറ്റു ആശ്രിതര്‍ക്കും പ്രാഥമിക അവബോധമെങ്കിലും നല്‍കേണ്ടിയിരിക്കുന്നു.

പ്രവാസികളുടെ ധനം മുഴുവനും ചെലവഴിക്കപ്പെടുന്നത് ലക്ഷറി വില്ലകള്‍ പണിയുന്നതിലും പുറം മതിലുകൾ മോഡി കൂട്ടുന്നതിലും തുടങ്ങി മുറ്റത്തെ ഇൻ‌റർലോക്ക്, ശിതീകരിച്ച കാർ, വില കൂടിയ വസ്ത്രം, സുഗന്ധ ദ്രവ്യം, അക്ഷരജ്ഞാനമില്ലാത്തവന്റെ അത്യന്താധുനിക മൊബൈൽ ഫോണുകൾ, ഹോം തിയറ്ററുകൾ, പ്ലാസ്മ ടി വി, മൈക്രോവേവ് അടുപ്പുകൾ, ഭീമാകാരമായ ഫ്രിഡ്ജുകൾ, അൾട്രാ മൊഡേൺ വാഷിംഗ് മെഷിൻ, മുതലായ ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത മേഖലകളിലാൺ‌. കൂ‍ടാതെ വിവാഹത്തിനും ഇതര സൽകാരങ്ങൾക്കും ചിലവഴിക്കപ്പെടുന്ന ഭീമമായ സംഖ്യകൾ. സാധനങ്ങൾക്ക് ദിനം പ്രതി വില കുതിച്ചുയരുമ്പോൾ ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്ക് വായ്പകളെയോ മറ്റു പണമിടപാട് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നു. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു. ഇവയെല്ലാം തന്നെ നമുക്ക് കൂടുതൽ സാമ്പത്തിക ബാധ്യത പ്രദാ‍നം ചെയ്യുന്നതാണ് സാധനങ്ങളുടെ വിലയേക്കാൾ ചുരുങ്ങിയ പക്ഷം 15% കൂടുതല്‍ വില നൽകേണ്ടി വരുന്നു. നാം പലിശ നൽകാൻ നിർബന്ധിദനാകുന്നു. ബാ‍ങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ അവരുടെ നേട്ടത്തിന് വേണ്ടി മാത്രമാണ് അവർ കൊതിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നമ്മെ സമീപിക്കുന്നത്. കടം വീട്ടാനാവാതെ വരുമ്പോൾ പിന്നെ ഗുണ്ടകളുടെ മർദ്ദനം, ജപ്തി, ആത്മഹത്യ എന്നിവയിൽ കാര്യങ്ങൾ പര്യവസാനിക്കുന്നു.

കടം വാങ്ങിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും നിർബന്ധ ബുദ്ധ്യ നടപ്പാക്കുകയും ചെയ്യുക. ധന കാ‍ര്യ സ്ഥാപനങ്ങളിലെ വായ്പ മാത്രമല്ല, വ്യക്തികളിൽ നിന്നും വായ്പ വാങ്ങാതിരിക്കുക. ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ ചിലപ്പോൾ വായ്പ ആവശ്യമായി വന്നേക്കാം. അല്ലാത്ത പക്ഷം കടം വാങ്ങുന്നതിനു മുമ്പ് പല വട്ടം ആലോചിക്കുക; വായ്പ വാങ്ങിയ തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന്. ആ തുക ഉപയോഗിച്ച് വാങ്ങുന്ന സാധനത്തിന്റെ ആവശ്യമെന്ത്? അത് വാങ്ങിയിട്ടില്ലെങ്കിൽ നമുക്കുണ്ടാകുന്ന നഷ്ടവും പ്രയാസവും എന്താണ്? തുടങ്ങി കാര്യങ്ങളുടെ ഗുണ ദോഷങ്ങളെ കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന് ടിവി വാങ്ങാൻ കടം വാങ്ങരുത്. ഓണത്തിനും റംസാനും മോഹിപ്പൊക്കുന്ന വാഗ്ദാനങ്ങൾ കമ്പനി നൽകിയേക്കാം. പരമാവധി വില കുറഞ്ഞിട്ടുണ്ടാകാം. എങ്കിൽ പോലും വായ്പ വാങ്ങിയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും അത് വാങ്ങിക്കരുത്. കാരണം അതൊക്കെ നമുക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇനി പൈസ കയ്യിൽ ഉണ്ടെങ്കിൽ തന്നെ വില കൂടിയ ആഡംബര ടിവി വാങ്ങാൻ ശ്രമിക്കരുത്. മിതമായ വിലക്കു ലഭിക്കുന്ന ടിവി വാങ്ങുക.

അനുകരണമെന്ന ദുശ്ശീലവും മുളയിലേ നുള്ളിക്കളയണം. ആനയെ പോലെ പിണ്ഡമിടാൻ ശ്രമിച്ച അണ്ണാന്റെ ദുരന്ത കഥ നമുക്കറിയാം. അനുകരിക്കാൻ ശ്രമിക്കരുത്. അടുത്ത വീട്ടിലെ ഫ്രിഡ്ജിന്റെ വലിപ്പം കണ്ട് നല്ല നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ നിലവിലുള്ള ഫ്രിഡ്ജ് എക്സ്‌ചേഞ്ജ് മേളയിൽ കൊടുത്ത് പുതിയത് വാങ്ങേണ്ടതില്ല. അടുത്ത വീട്ടു മുറ്റത്ത് ഇന്റർലോക്ക് ചെയ്തത് കൊണ്ട് നമ്മുടെ മുറ്റത്ത് ഗ്രനൈറ്റ് ഇടേണ്ട. അയൽ‌പക്കത്തുള്ളയാൾ കാർ വാങ്ങിച്ചത് കൊണ്ട് നമ്മളും കാർ വാങ്ങിക്കണോ? അയൽ‌പക്കത്തുകാരൻ ആഢംബര വസ്തുക്കൾ വാങ്ങിക്കുന്നതും വീട് മോടി പിടിപ്പിക്കുന്നതും കടം വാങ്ങിയിട്ടാവാം. ഒരു പക്ഷേ അവിഹിത സമ്പാദ്യത്തിലൂടെ യാകാം. ചിലപ്പോൾ അത് നാട്ടുകാർ അറിയുമ്പോഴേക്കും വൈകിയിരിക്കും. നാം ചിലവഴിക്കുന്ന തുക അത്യാവശ്യത്തിനാണോ ആവശ്യത്തിനാണോ അനാവശ്യത്തിനാണോ എന്ന് ശരിക്കും ആലോചിച്ച് വിനിയോഗിക്കുകയാണെങ്കിൽ നമ്മുടെ സമ്പാദ്യം നമുക്ക് ധാരാളം മതി. അനാവശ്യത്തിന് പണം ചിലവാക്കിയില്ലെങ്കിൽ അത്യാവശ്യത്തിന് കടം വാങ്ങേണ്ടി വരില്ല. നമുക്ക് ബാധ്യത ഉണ്ടാകുന്നില്ല.

വൈദ്യുതി, വെള്ളം മിതമായി ഉപയോഗിക്കുക. ആവശ്യമില്ലാത്ത മുറികളിൽ ലൈറ്റ് തെളിയിച്ചു വെക്കരുത്. ബാത്ത്‌റൂം, കിച്ചൻ എന്നിവിടങ്ങളിലെ ബൾബുകൾ ആവശ്യം കഴിഞ്ഞാൽ അണക്കുക. ആരുമില്ലാതെ ടിവി ഓണായിക്കിടക്കരുത്. ഫ്രിഡ്ജ് തുറന്നു കൊണ്ടിരിക്കുക, വെളളം ടാപ്പ് നേരാം വണ്ണം അടക്കാതിരിക്കുക, തുടങ്ങിയ അശ്രദ്ധകൾ ഉണ്ടാകരുത്. അലങ്കാരവിളക്കുകൾ പൂർണ്ണമായി ഒഴിവാക്കുക. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം അതൊരു സാമൂഹിക ദ്രോഹം കൂടിയാണ്. വിവാഹം പോലെയുള്ള സന്ദർഭങ്ങളിൽ തെളിയിച്ചു വെക്കുന്ന വൈദ്യുതിയും അന്നു പാഴാക്കി കളയുന്ന അന്നവും സാധാരണക്കാരന് ഒരു മാസം ജീവിക്കാൻ ആവശ്യമായതിലധികമായിരിക്കും. അപ്രകാരം തന്നെ പുകവലിയും ഒഴിവാക്കുക. സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാകുന്നത്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി അതു കാരണമാകും.

ഭാരിച്ച ചെലവ് കാരണം ലീവ് കിട്ടിയിട്ടും നാട്ടിൽ പോകാതെ ഗൾഫിൽ തന്നെ കഴിയുന്ന ചിലരുണ്ട്. അവർ നാട്ടിലേക്ക് ഭാര്യക്കും മക്കൾക്കും പൈസ അയച്ചു കൊണ്ടിരിക്കും. അവർ എന്തിനാണ് ധനം വിനിയോഗിക്കുന്നെതെന്തിനെന്നതിനെ കുറിച്ച് അന്വേഷിക്കുന്നു പോലുമുണ്ടാകില്ല. വില കൂടിയ മൊബൈലുകളും കാറുകളുമായിരിക്കും മക്കളുടെ കൂട്ടുകാർ. പൈസ കിട്ടുന്ന മുറക്ക് മൊബൈൽ റിചാർജ് ചെയ്തു കൊണ്ടിരിക്കും. കാറുകളിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കും. പ്ലാസ്മ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കാൻ ഡിവിഡികൾ മേശപ്പുറത്തു കുമിഞ്ഞുകൂടും. ഇതൊക്കെ കണ്ട് കൂട്ടു കൂടുന്ന കൂട്ടുകാർ മതി അവന്റെ സത്യ നാശത്തിന്. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരിക്കും അവന്റെ സ്ഥിതി. സീരിയലുകളിൽ കണ്ണീർ വാർക്കുന്ന ഉമ്മമാർക്ക് മക്കളെ പരിചരിക്കാൻ എവിടെ നേരം? ഒടുവിൽ വഴക്ക്, കുടുംബ കലഹം. ടിവിയും മൊബൈലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നു കൂടി മനസ്സിലാക്കുക.

കിട്ടുന്ന ശമ്പളം മുഴുവ൯ ഒറ്റ ആഴ്ച കൊണ്ട് തീര്‍‌ത്തേക്കരുത്. ഇത്തിരി മിച്ചം വെച്ചു ശീലിക്കുക. അത് ഭാവിയില്‍ ഹജ് കര്‍മ്മം നിര്‍വ്വഹിക്കാനും വീട്, മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഉപകരിക്കും. ചെറിയ ചെറിയ നിക്ഷേപങ്ങള്‍ തുടങ്ങുക. വലിയ ലാഭ വിഹിതം വാഗ്ദാനം ചെയ്യുന്ന പണമിടപാട് സ്ഥാപനങ്ങളിലും കച്ചവടങ്ങളിലും പങ്കാളികളാകരുത്. അത് തട്ടിപ്പ് സ്ഥാപനങ്ങളാകാം. പൊളിയാനുള്ള സാധ്യതയേറെയാണ്. കയ്യിലുള്ള കാശ് മുഴുവന്‍ നിക്ഷേപിക്കരുത്. അപ്രകാരം തന്നെ ഒരു സ്ഥാപനത്തില്‍ തന്നെ മുഴുവന്‍ തുകയും നിക്ഷേപിക്കുകയുമരുത്. അഥവാ ആ സ്ഥാപനങ്ങള്‍ പൊളിഞ്ഞാലും നമ്മെ ബാധിക്കന്‍ ഇടവരരുത്.

ദുര്‍വ്യയം പോലെത്തന്നെ മോശമായ ഒരു സ്വഭാവമാണ് ലുബ്ധതയും. ലുബ്ധരും ധനം ദുര്‍വ്യയം ചെയ്യുന്നവരും പിശാചിന്റെ കൂട്ടുകാരാണ്. ലുബ്ധരെ ഏറ്റവും പ്രയാസകരമായ മാര്‍ഗ്ഗത്തിലേക്ക് നാം നയിക്കുന്നതാണ്. മരണമടഞ്ഞാല്‍ അവന്റെ സമ്പത്ത് അവന് ഉപകരിക്കുകയില്ല (വി.ഖു) ലുബ്ധതയില്‍ നിന്നു സുരക്ഷിതരായവരത്രെ വിജയികള്‍.(വി.ഖു) പ്രവാചകര്‍ (സ) പറയുന്നു: നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ചില സമ്പന്നരുണ്ട്. കാല്‍ നൂറ്റാണ്ടോളം സമ്പാദിച്ചത് നാട്ടിലുണ്ട്. ദശലക്ഷക്കണക്കിനു വില വരുന്ന വീട് പണിതിട്ടുണ്ട്. വില കൂടിയ കാര്‍ പോര്‍ച്ചിലുണ്ട്. വീട്ടില്‍ സര്‍വ്വ വിധ സ്ൗകര്യങ്ങള്‍. രണ്ട് കുട്ടികളേയുള്ളൂ. മകളെ കെട്ടിച്ചയച്ചു. മകന്‍ ഉന്നത ഉദ്യോഗസ്ഥന്‍. വീട്ടില്‍ കുടുംബിനി തനിച്ചായിരിക്കും. ചിലപ്പോള്‍ വേലക്കാ‍രിയും. പക്ഷേ ഗള്‍ഫുകാരന്‍ ഇപ്പോഴും ഗള്‍ഫിലാണ്. ചായക്കട നടത്തുകയാണ്. ഗള്‍ഫിലെ നാട്ടു നടപ്പനുസരിച്ച് രാത്രി ഒരു മണിക്കു മുമ്പ് കടയടക്കാനാവില്ല. കടയടച്ചു മുറിയിലെത്തിയാലായി. ചുരുങ്ങിയത് 8 പേരെങ്കിലും ഉണ്ടാകും കുടുസ്സായ മുറിയില്‍. മൂട്ട, കൂറ, എലി, പല്ലി തുടങ്ങിയ വന്യജീവികളും. വാടകപ്പെരുപ്പം കാരണം നല്ല മുറിയെടുക്കാന്‍ അയാളുടെ മനസ്സ് സമ്മതിക്കുകയില്ല. ശരാശരി ആയുസ്സ് കൂട്ടിയാല്‍ തന്നെ ജീവിതത്തിന്റെ 90% ജീവിതവും കഴിഞ്ഞു. മധുരമുള്ള ചായയും ആട്ടിറച്ചിയും കഴിക്കാനാവില്ല. രോഗമുണ്ട്. അയാള്‍ സമ്പാദിച്ചതൊക്കെ ആര്‍ക്ക് വേണ്ടിയാണ്. ചുരുങ്ങിയ പക്ഷം സ്വയം ഉപയോഗിക്കാനെങ്കിലും കഴിഞ്ഞെങ്കില്‍! അന്തസ്സായി ജീവിക്കാനാകുന്നില്ലെങ്കില്‍ ഈ സമ്പത്ത് കൊണ്ടെന്തു പ്രയോജനം?


ഇസ്ലാമിക അധ്യാപനങ്ങള്‍

മിതവ്യയത്തെ കുറിച്ച് ഇസ്ലാം വളരെ ശക്തമായ ഭാഷയില്‍ പ്രതിപാദിക്കുന്നുണ്ട്. മുഹമ്മദ് നബി(സ) യുടെ ജീവിതം ലാളിത്യത്തിന്റെ ഉത്തമ മാതകയായിരുന്നു. പ്രവാചകരെ പോലെ ലളിതമായി ജീവിക്കാന്‍ നമുക്കാകില്ല. എങ്കിലും ദുര്‍വ്യയവും അമിതവ്യയും ഒഴിവാക്കാന്‍ ഒരു പരിധിവരെയെങ്കിലും ശ്രമിക്കണം. ഈന്തപ്പനയോല കൊണ്ട് ഉണ്ടാക്കിയ വീടായിരുന്നു പ്രവാചകന്റേത്. അതിനകത്ത് നീണ്ടു നിവര്‍ന്നു കിടന്നാല്‍ തപ്പാദം വീടിന് വെളിയിലായിരിക്കും. ഈന്തപ്പന നാരു നിറച്ച ഒരു തോലായിരുന്നു പ്രവാചകരുടെ വിരിപ്പ്. (ബുഖാരി) ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ബാര്‍ലിയുടെ ഉണങ്ങിയ റൊട്ടി പ്രവാചകന്‍ കഴിച്ചിരുന്നത് (ബു. മുസ്ലിം) വില കുറഞ്ഞ ഉണങ്ങിയ ഈത്തപ്പഴം പോലും കിട്ടാത്ത രീതിയില്‍ പ്രവാചകന്‍ പലപ്പോഴും വിശപ്പ് അനുഭവിച്ചിട്ടുണ്ട്. (മുസ്ലിം) യുദ്ധത്തിനു പോകുമ്പോള്‍ പോലും പ്രവാചകര്‍ക്ക് മുള്‍‌ച്ചെടിയുടെ ഇലകള്‍ മാത്രമായിരുന്നു ഭക്ഷിക്കാനുണ്ടായിരുന്നത്.(ബു. മു) പലപ്പോഴും പ്രവാചകര്‍ അത്താഴം കഴിച്ചിരുന്നില്ല. പ്രവചകര്‍ വഫാതാകുമ്പോള്‍ ഒരു പുതപ്പും ഒരു മുണ്ടും മാത്രമായിരുന്നു പ്രവാചകന്റെ സമ്പാദ്യം.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അനുപേക്ഷണീയമായ ഈ മൂന്ന് കാര്യത്തില്‍ നാം ദുര്‍വ്യയം കാണിക്കുമ്പോള്‍ പ്രവാചകന്റെ ജീവിതത്തെ കുറിച്ച് ഇത്തിരി ചിന്തിക്കുക. നമുക്കു ചുറ്റുമുള്ള പട്ടിണിപ്പാവങ്ങളെ പരിഗണിക്കുക. അവര്‍ക്ക് ദാ‍നം നല്‍കുക. റസൂല്‍ (സ) പറഞ്ഞു: ‘മനുഷ്യാ, ആവശ്യം കഴിഞ്ഞു മിച്ചം വരുന്നത് ദാനം ചെയ്യുന്നതാണുത്തമം. അത് സംഭരിച്ചു വെക്കുന്നത് നാശമാണ്.’ പ്രവാചകര്‍ പറയുന്നു:‘അല്ലാഹു നല്‍കിയതില്‍ സംതപ്തനും ഉപജീവനത്തിനു മാത്രം ആഹാരവുമുള്ള സത്യ വിശ്വാസി വിജയിച്ചിരിക്കുന്നു.(മുസ്‌ലിം) ലളിത ജീവിതം ഈമാനിന്റെ ഭാഗമാണെന്ന് പ്രവാചകര്‍ അരുളി. (അബൂ ദാവൂദ്) അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു: ‘ സമ്പത്തിന്റെ വര്‍ദ്ധനവല്ല ഐശ്വര്യം, പരാശ്രയമില്ലാതിരിക്കലാണ്.‘ അബ്ദുല്ലാഹ് ബ്‌നു അം‌റു ബ്‌നു ആസ്വി(റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു: ‘അല്ലാഹു നല്‍കിയതില്‍ സംതപ്തിയും ഉപജീവനത്തിനു മതിയായ ആഹാരവുമുള്ള സത്യവിശ്വാസി സ ഭാഗ്യവാനാണ്.’(മുസ്‌ലിം)

ദാനധര്‍മ്മങ്ങള്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. നിസ്വാര്‍ത്ഥമായ ധര്‍മ്മം നമ്മെ വിപത്തില്‍ നിന്നു സംരക്ഷിക്കും. അല്ലാഹു പറയുന്നു: നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ`39) ‘ധനത്തില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നിങ്ങളുടെ തന്നെ ഗുണത്തിനുള്ളതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങള്‍ അത് ചെലവഴിക്കരുത്. നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതായാലും അത് നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തരും. നിങ്ങള്‍ക്കതില്‍ യാതൊരു കുറവും വരുത്തുകയില്ല‘ (അല്‍ ബഖറ 272)

ഇബ്‌നു മസ്‌ഊദ് (റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: രണ്ട് പേരുടെ കാര്യത്തിലല്ലാതെ അസൂയക്കവകാശമില്ല. അല്ലാഹു ധാരാളം സമ്പത്ത് നല്‍കി അത് സത്യ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ് അതിലൊന്ന്. മറ്റൊന്ന് അല്ലാഹു ഹിക്‍മത് നല്‍കി, അതനുസരിച്ച് വിധിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍ അവസരം ലഭിച്ചവന്‍(ബു. മു)

ഒരു ഈത്തപ്പഴത്തിന്റെ ചെറു കഷ്ണം ദാനം ചെയ്തു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുകയെന്ന് പ്രവാചകന്‍ താ‍ക്കീത് നല്‍കിയിട്ടുണ്ട്. (ബു.മു) പ്രവാചകരോട് എന്തെങ്കിലും ചോദിച്ചാല്‍ അവിടുന്ന് ഇല്ല എന്ന് പറഞ്ഞിരുന്നില്ല. റസൂല്‍ (സ) പറയുന്നു: മനുഷ്യാ, നീ ദാനം ചെയ്യുക. എന്നാല്‍ നിനക്കും ദാനം ലഭിക്കും എന്നു അല്ലാഹു പറഞ്ഞിട്ടുണ്ട് ‘(ബു.മു.). അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: ‘ദാനം സമ്പത്തു കുറക്കുകയില്ല’ അസ്‌മാ‍‌അ`(റ) നിവേദനം ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: ‘നീ സമ്പത്ത് കെട്ടിപ്പൂഴ്‌ത്തി വെക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു നിന്റെ നേരെയും അങ്ങിനെ ചെയ്യും.’

സകാത്

‘നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുകയും സകാത് കൊടുക്കുകയും ചെയ്യുക. സ്വന്തത്തിനായി വല്ല നന്മയും മുന്‍‌കൂട്ടി ചെയ്തു വെക്കുന്നുവെങ്കില്‍ അത് അല്ലാഹുവില്‍ നിങ്ങള്‍ക്കു കാണും. നിങ്ങള്‍ ചെയ്യുന്നതെല്ലാം നിശ്ചയമായും അല്ലാഹു നല്ലതു പോലെ കാണുന്നവനാകുന്നു.‘ (വി.ഖു.) ‘സകാത് കൊടുക്കാനും നിസ്കാരം നിലനിര്‍ത്താനും നിസ്വാര്‍ത്ഥമായി അല്ലാഹുവിനെ ആരാധിക്കാനുമല്ലാതെ അവരോട് ആജ്ഞാപിച്ചിരുന്നില്ല. അതാണ് ൠജുവായ മാര്‍ഗ്ഗം’.(വി.ഖു. അല്‍ബയ്യിന:5) പ്രവാചകര്‍ (സ) പറയുന്നു: ‘നിങ്ങളുടെ നാഥനായ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കുക. അഞ്ചു നേരം നിസ്കരിക്കുക. റമളാ‍നില്‍ നോമ്പെടുക്കുക. സകാത് നല്‍കുക. നേത്‌ത്വത്തെ അനുസരിക്കുക. എങ്കില്‍ രക്ഷിതാവിന്റെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കും.‘ വിശുദ്ധ ഖുര്‍‌ആനിൽ നിസ്കാരം നില നി൪ത്താൻ കല്പിക്കുന്നി മിക്ക സ്ഥലത്തും സകാത് നിർവഹിക്കാൻ ആജ്ഞാപിക്കുന്നുണ്ട്.

ഇസ്ലാമിന്‍റെ പഞ്ചകര്‍മ്മങ്ങളില്‍ മൂന്നാമത്തേത് സകാത് ആണ്. പ്രവാചക തിരുമേനിയും അബൂബകര്‍ സിദ്ദീഖ് (റ) വും ഉമര്‍(റ)വും സകാത് കൊടുക്കാത്തവരോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. സകാത് ധനികരുടെ ഓദാര്യമല്ല. ദരിദ്രരുടെ അവകാശമാണ്. അതിനാലാണ് ധനിക്കരോടു യുദ്ധം ചെയ്തെങ്കിലും സകാത് മുതല്‍ പിടിച്ചെടുക്കാന്‍ ഭരണകൂടിത്തിന്‌ ഇസ്ലാം അനുമതി നല്‍കുന്നത്. മാത്രമല്ല ഭരണകൂടത്തിന്‍റെ ബാധ്യത കൂടിയാണത്. ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട സകാത് നല്‍കാതിരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവന്‍ മതത്തില്‍ നിന്നു പുറത്താണ്. 85ഗ്രാം സ്വര്‍ണ്ണമോ (10½ പവന്‍) തതുല്യമായ തുകയോ ഒരുവര്‍ഷം കയ്യില്‍ ഉണ്ടായാല്‍ അതിന്‍റെ 2½ ശതമാനം സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. വര്‍ഷം കണക്കാക്കുന്നത് ഹിജ്‌റ വര്‍ഷ പ്രകാരമാണ്. സകാത് നല്‍കാന്‍ റമളാനകാന്‍ കാത്തിരിക്കരുത്. വര്‍ഷം തികഞ്ഞയുടനെ സകാത് നല്‍കണം. സകാത് നല്‍‌കേണ്ടതിന്റെ മഹത്വങ്ങളും നല്‍കാത്തവന്‍ അനുഭവിക്കേണ്ടി വരുന്ന അതി കഠിനമായ ശിക്ഷകളെ കുറിച്ചും പ്രവാചകര്‍ ഏറെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിന്‍റെ പുണ്യങ്ങള്‍ ആഗ്രഹിച്ചും ശിക്ഷ ഭയന്നുമല്ല സകാത് നല്‍കേണ്ടത്. നിസ്കാരം പോലെ നിര്ബന്ധമായ കടമയാണത്. നിര്‍വഹിച്ചേ പറ്റൂ.

സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന അതി ദാരുണമായ കാഴ്ചയാണ്‌ ലോകത്ത് നാം കാണുന്നത്. ആഗോള വല്‍കരണത്തിന്‍റെയും സാമ്രാജ്യത്വ അധിനിവേശത്തിന്‍റെയും ഫലമായി ലോകത്താകമാനം ബാധിച്ച ഈ അസന്തുലിതാവസ്ഥ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു മുക്തി നേടാനും ഇസ്ലാം വിഭാവനം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രത്തിനു മാത്രമേ കഴിയൂ.


പിൻ‌കുറി: ഒരോ സംഗീത നിശക്കും ദശലക്ഷക്കണക്കിന് ഡോളർ പ്രതിഫലം നേടിയ ഓരോ സംഗീത ആൽബത്തിനും കോടിക്കണക്കിനു ഡോളർ മുൻ‌കൂർ വാങ്ങുകയും ചെയ്ത സംഗീത ചക്രവർത്തി മൈക്കൾ ജാക്സന്റേത് അമേരിക്കൻ പ്രസിഡണ്ടിനെ വെല്ലുന്ന ആഡംബര ജീ‍വിതമായിരുന്നു. സംഗീതത്തിലൂടെ 700 ദശലക്ഷം ഡോളര്‍ അദ്ദേഹം സമ്പാദിച്ചിരുന്നു. പക്ഷേ മരിക്കുമ്പോൾ അദ്ദേഹം 400 ദശലക്ഷം ഡോളറിന്റെ കടക്കാരനായിരുന്നു.

പൂങ്കാവനം ഏപ്രില് 2010

DOWNLOAD PDF

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails