എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

17 ജൂലൈ 2010

മരണം നല്‍കുന്ന വേദനകള്‍...

മരണം അനിഷേധ്യമായ ഒരു സത്യമാണ്. ഭൗതിക ജീവിതത്തിന്റെ അന്ത്യവും പരലോക ജീവിതത്തിന്റെ തുടക്കവും മരണത്തോടെയാകുന്നു. സര്‍ വ്വജീവജാലങ്ങളൂം മരണത്തെ അഭിമുഖീകരിക്കുന്നു. നിത്യവും നൂറുകണക്കിന് മരണവാര്‍ത്തകള്‍ നമ്മുടെ സമീപത്തു നിന്നും നമ്മള്‍ അറിയുന്നു. നമ്മുടെ ഉറ്റവരും ഉടയവരും നമ്മില്‍ നിന്നകലുമ്പോള്‍ നമുക്കുണ്ടാകുന്ന വേദന വലുതാണ്. അതിന്റെ ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ ചിലപ്പോള്‍ കാലങ്ങള്‍ തന്നെ വേണ്ടിവരും. ചില വേര്‍പാടിന്‍റെ വേദനകള്‍ കാലങ്ങള്‍ക്കു പോലും മായ്കാനാവാത്ത മുറിവുകളായിരിക്കും നമുക്കു പ്രദാനം ചെയ്യുക.

വന്ദ്യരായ പാണക്കാട് ശിഹാബ് തങ്ങളുടെ വേര്‍പാട് അത്തരം ഒരു വേദനയാണ് എനിക്കുണ്ടാക്കിയത്. അദ്ദേഹവുമായി നേരിട്ടു പരിചയം ഇല്ല. ബന്ധങ്ങളില്ല. സമ്പര്‍ക്കമില്ല. ഏകദേശം ഇരുപത് വര്‍ഷം മുമ്പ് ഒരിക്കല്‍ ഒരു മാ‍ത്ര അദ്ദേഹത്തെ കണ്ടതാണ്. അദ്ദേഹത്തിന്റെ മാഹത്മ്യം മനസ്സിലാക്കുന്നതിനു മുമ്പ് കൌമാരത്തില്‍, തിങ്ങിനിറഞ്ഞ ജനവ്യൂഹങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി തൃക്കരം സ്പര്‍ശിച്ചത് ഇന്നും മങ്ങാത്ത ഒരു ഓര്‍മ്മയായി മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം പോലെ മൃദുലവും ലോലവുമായ ആ കരസ്പര്‍ശം എനിക്കു നല്‍കിയ അനുഭൂതി അവാച്യമായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് വലിയൊരു ശൂന്യതയായാണ് അനുഭവപ്പെടുന്നത്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആ ശൂന്യത നിലനില്‍ക്കുന്നു. നന്മയുടെ വടവൃക്ഷം കടപുഴകിയതുപോലെ. സ്നേഹത്തിന്റെ വലിയൊരു ഖനി തകര്‍ന്നതു പോലെ. ഒരു അനാഥത്വം തോന്നുന്നു. എനിക്കു ലഭിച്ചുകൊണ്ടിരുന്ന സ്നേഹധാര മുറിഞ്ഞതു പോലെ തീവ്രമായ ഒരു മൌന നൊമ്പരമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന സമൂഹത്തില്‍ ഒരു അണുവാ‍യ എനിക്കു ഇത്രമാത്രം വേദന ആ വേര്‍പാട് നല്‍കിയിട്ടുണ്ടെങ്കില്‍, അദ്ദേഹവുമായി ആത്മബന്ധമുള്ള, നിത്യ സമ്പര്‍ക്കമുള്ള പതിനായിരങ്ങള്‍ എത്രമാത്രം വേദന സഹിക്കുന്നുണ്ടാകുമെന്ന് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹവുമായി നേരിട്ടു ബന്ധം പുലര്‍ത്താന്‍ കഴിയാത്തതില്‍ അഗാധമായ് കുറ്റബോധമുണ്ടെങ്കിലും, ഒരര്‍ത്ഥത്തില്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ ഈ വേദന എന്നെ തളര്‍ത്തിയേനെ.

ജാതി മത ഭേദമന്യേ അശണരുടെ അത്താണിയും പ്രയാസങ്ങള്‍ക്കു ശാന്തിയും ആയിരുന്ന അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം എന്ന് വിളിച്ചോതുന്നതായിരുന്നു വിയോഗാനന്തരം പാണക്കാട് തടിച്ചുകൂടിയ ജനങ്ങളും അവരുടെ നിലവിളികളും. മരണാനന്തരം ആ തിരുദേഹം നേരിട്ടു കാ‍ണാന്‍ പോലുമാകാതെ നിലവിളിച്ചു പ്രജ്ഞയറ്റു നിലം പതിച്ച പ്രവാസികള്‍ വേറെയും.

ദുരന്തങ്ങള്‍ ഉണ്ടകുന്നതും അതില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും രക്ഷപ്പെടുന്നതും എല്ലാം ദൈവ നിശ്ചയമാണ്. മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്നു അബ്ദുല്ലക്കുട്ടി എം എല്‍ എ രക്ഷപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഓര്‍മ്മവന്നത് അദ്ദേഹം കൂടുമാറ്റ സമയത്ത് അനുഗ്രഹം തേടി പാണക്കാടെത്തിയതാണ്. അതെ, ആ അനുഗ്രഹകരങ്ങള്‍ അബ്ദുല്ലക്കുട്ടിയുടെ രക്ഷക്കെത്തിയുട്ടെണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. (ആ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിയുണ്ടാവട്ടെ ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശ്രിതരുടെ ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.)

ആരാവാനാണ് ആഗ്രഹം എന്ന് അധ്യാപകന്‍ ചോദിച്ചപ്പോള്‍, ഡോക്ടര്‍, എഞ്ചിനീയര്‍, തുടങ്ങിയ കുട്ടികളുടെ സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയില്‍ അഞ്ചുവയസ്സു പ്രായമുള്ള മകന്‍ സാലിഹ് പ്രതികരിച്ചത് അത്ഭുപ്പെടുത്തുന്നതായിരുന്നു. ശിഹാബ് തങ്ങളെ പോലെയാകണം. പത്രങ്ങളില്‍ കണ്ട ഫോട്ടോയും ടെലിവിഷനില്‍ കണ്ട രൂപവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തെ കുറിച്ച് അവന്‍ അറിയില്ല.എന്നിട്ടും പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ മുഖഛായ അവനെ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതെ, അദ്ദേഹത്തിന്റെ മന്ദസ്മിതം സ്നേഹത്തിന്റെ പൂനിലാവാണ്. നന്മയുടെ വറ്റാത്ത ഉറവിടമാണ്. അദ്ദേഹത്തിന്റെ സ്നേഹസ്പര്‍ശനം ആരാണ് ആശിച്ചു പോകാത്തത്?

അത്യധികം വേദനിപ്പിച്ച മറ്റൊരു മരണം ഞങ്ങള്‍ എച്ചുമ്മയെന്ന് വിളിക്കുന്ന വല്ല്യുമ്മയുടേതാണ്. അവരുടെ വിയോഗം നല്‍കിയ വേദനയില്‍ കഴിയവേയാണ് ശിഹാബ് തങ്ങളും മരണപ്പെടുന്നത്. സ്നേഹത്തിന്റെ നിറകുടം തന്നെയായിരുന്നു എച്ചുമ്മയും. രോഗങ്ങളില്‍ ശാന്തിയും പ്രയാസങ്ങളില്‍ ആശ്വാസവും സംഘര്‍ഷങ്ങളില്‍ സമാധാനവും ആയിരുന്നു അവര്‍. ഞങ്ങള്‍ മക്കളോടും പേരമക്കളോടും മാത്രമായിരുന്നില്ല അവരുടെ സ്നേഹം. വീട്ടില്‍ കയറി വരുന്ന അതിഥികളും വഴിയാത്രക്കാരായ യാചകരും ഒരു പോലെ പ്രിയപ്പെട്ടതായിരുന്നു അവര്‍ക്ക്. വീട്ടില്‍ വരുന്നവരെയെല്ലാം വേര്‍തിരിക്കാതെ മക്കളെയെന്ന പോലെ കണ്ടു.

കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ ഗോപ്യമാക്കി ബന്ധങ്ങളെ നില നിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അവര്‍ ഒരു അത്താണിയായിരുന്നു. അതിനായി അപ്രിയ സത്യങ്ങള്‍ മറച്ചു വെച്ചും അനിഷ്ടങ്ങളില്‍ മൌനമവലംഭിച്ചും അവര്‍ അതീവ ജാഗ്രത കാണിച്ചു. വീട്ടിലെ എല്ലാ അംഗംങ്ങളും ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് വരുത്തി ഭക്ഷണം കഴിക്കുകയും എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തി ഉറങ്ങുകയും ചെയ്യുന്ന ഒരു സ്വഭാവമായിരുന്നു അവരുടേത്.

മക്കളോടും പേരമക്കളോടും അളവറ്റ സ്നേഹമായിരുന്നു. കുട്ടികള്‍ കലഹിക്കുന്നത് പോലും അവരെ അത്യധികം നൊമ്പരപ്പെടുത്തിയിരുന്നു. കുട്ടികള്‍ ശണ്ഠകൂടാതിരിക്കാന്‍ പരസ്പരം കാണാതെയായിരുന്നു മിഠായികളും പലഹാരങ്ങളും നല്‍കിയിരുന്നത്. സ്നേഹം കാംക്ഷിക്കാതെ നല്‍കുക മാത്രം ചെയ്യുന്ന ഒരു അപൂര്‍വ സ്വഭാവം. തിമര്‍ത്തു പെയ്യുന്ന കര്‍ക്കിടകത്തില്‍, ചോര്‍ ന്നൊലിക്കുന്ന വീട് തകരുമെന്ന ഭയത്തില്‍ കുട്ടികളെയെല്ലാം വീടിനകത്ത് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ച് മഴക്ക് കാവലിരിക്കുമായിരുന്നു. രാത്രി ഇടി വെട്ടും മിന്നലും ഉണ്ടാകുമ്പൊള്‍ എഴുന്നേറ്റ് വന്ന് ഒരോരുത്തരേയും വന്നു കണ്ട് ആരും പേടിച്ചു ഞെട്ടിയുണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തും. അവരെ പോലെ മികച്ച ഫാമിലി മാനേജ് മെന്റാണ് കുടുംബത്തിന്റെ ഐശ്വര്യത്തിനും നന്മക്കും എന്നും വേണ്ടത്.

മറ്റുള്ളവരുടെ ദു:ഖത്തിലും പ്രയാസത്തിലും ഇത്രയേറെ വ്യാകുലപ്പെടുന്ന മറ്റൊരു സ്ത്രീ ഭൂമിയില്‍ ഇന്നുണ്ടാകില്ലെന്നാണ് തോന്നുന്നത്. മലേഷ്യയില്‍ പോയ ഉപ്പപയെ കുറിച്ചും അയല്‍ പക്കത്ത് പാല്‍ വാങ്ങാന്‍ ചെന്ന എന്നെ കുറിച്ചും ഒരേ രീതിയിലുള്ള ആകുലതകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഉപ്പാപയുടെ കത്തു വരാന്‍ വൈകിയാലും ഞാന്‍ പാല്‍ വങ്ങിച്ചു വരാന്‍ വൈകിയലും അവര്‍ അസ്വസ്ഥമാകന്‍ തുടങ്ങും.

പ്രായത്തിന്റെ പ്രയാസങ്ങള്‍ അവഗണിച്ചും രോഗത്തിന്റെ അവശതകള്‍ മറന്നും രോഗികളെയും മരണവീടുകളിലും സന്ദര്‍ശിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ‘ചാര്‍ച്ചയെ ചേര്‍ക്കാന്” (കുടുംബ ബന്ധങ്ങള്‍ അറ്റു പോകാതിരിക്കാന്‍) അവശതകളെ മറന്ന് കുടുംബ വീട്ടുകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിന്നു.

ഭൂമിയില്‍ നിന്ന് ഇത്തരം സ്നേഹത്തിന്റെ പ്രതീകങ്ങള്‍ അസ്തമിക്കുകയാണ്. സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റുകയാണ്. നമുക്കു പ്രാര്‍ത്ഥിക്കാം; ശിഹാബ് തങ്ങളെ പോലെ സ്നേഹസാഗരങ്ങള്‍ ഭൂമിയില്‍ ഇനിയും ഉണ്ടാകാന്‍. അത്തരം സ്വഭാവത്തിന്റെ ഉടമയകാന്‍ നമുക്കും പ്രയത്നിക്കാം.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഫ്രൈഡേ 16/07/2010

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails